120 വയസ്സാണ് മനുഷ്യന്റെ ആയുസ്സ്
എന്നാൽ ഇന്ന് 60 വയസായ ഒരാളെ നാം വിളിക്കുന്നത് വയസ്സൻ എന്നാണ്. പകുതി വയസിൽ വൃദ്ധനാവുന്നത് മനുഷ്യൻ മാത്രമാണ്. മറ്റെല്ലാ ജീവികളും ഈശ്വരൻ / പ്രകൃതി കൊടുത്ത ആയുസ്സ് പൂർത്തിയാക്കുമ്പോൾ മനുഷ്യന് മാത്രമെന്താണ് ഈ ദുരവസ്ഥ?
50 വയസ്സിൽ ഷുഗറും പ്രഷറും വന്ന് രോഗിയായി നടക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇതിനെപ്പറ്റി?
എന്താണ് ഇതിനൊരു പരിഹാരം?
അതാണ് 5 P പ്രോഗ്രാം
- Proper Food
- Proper Breathing
- Proper Exercise
- Proper Relaxation
- Proper Thinking
1. Proper Food
ഭക്ഷണവുമായി ബന്ധപ്പെട്ട് അറിയേണ്ടതായ ചില അടിസ്ഥാന ചോദ്യങ്ങൾ:
- എന്ത് കഴിക്കണം
- എത്ര കഴിക്കണം
- എപ്പോൾ കഴിക്കണം
- എങ്ങിനെ കഴിക്കണം
a. എന്ത് കഴിക്കണം
മനുഷ്യൻ പൊതുവെ സസ്യാഹാരിയാണ്, എന്നാൽ മാംസം കഴിച്ചാലും ശരീരം അതിനെ ദഹിപ്പിക്കും. ഓരോ വ്യക്തിയും അയാളുടെ ജോലിയുടെ സ്വഭാവമനുസരിച്ച് ഭക്ഷണം തെരഞ്ഞെടുക്കണം.
ഭക്ഷണത്തെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്:
- സത്വഗുണപ്രദാനമായ ഭക്ഷണം
- രജോഗുണപ്രദാനമായ ഭക്ഷണം
- തമോഗുണപ്രദാനമായ ഭക്ഷണം
ഫലമൂലാദികൾ, പച്ചക്കറികൾ, വേവിക്കാത്ത ഭക്ഷണങ്ങൾ, പെട്ടെന്ന് ദഹിക്കുന്നവ എന്നിവയാണ് സത്വഗുണപ്രദാനമായ ഭക്ഷണം. ഇവ കഴിച്ചാൽ പൊതുവെ ശരീരവും മനസ്സും സത്വഗുണ പ്രകൃതത്തിലേക്ക് മാറും.
ഭക്ഷണം കഴിക്കുന്നതിനു മുമ്പ്, അതിന്റെ ഗുണനിലവാരം ഇന്ദ്രിയങ്ങൾ ഉപയോഗിച്ച് പരിശോധിക്കണം:
- കണ്ണുകൾ: പാകമായതാണോ, കേടായതാണോ, നിറം ശരിയായതാണോ.
- മൂക്ക്: ദുർഗന്ധമുണ്ടോ, പഴകിയതാണോ.
- നാവ്: വളിച്ചതാണോ, എരിവോ ചവർപ്പോ കൂടുതലാണോ.
- കൈകൾ: തണുത്തതോ അത്യധികം ചൂടുള്ളതോ ആണോ.
b. എത്ര കഴിക്കണം
കൂടുതൽ ഭക്ഷണം കഴിച്ചാൽ കൂടുതൽ ആരോഗ്യമുണ്ടാവും എന്ന ധാരണ തെറ്റാണ്.
രണ്ടു കയ്യും ചേർത്ത് വെച്ചാൽ അതിൽ കൊള്ളുന്ന ഭക്ഷണമാണ് ഒരാൾക്കുള്ള ഒരു നേരത്തെ അളവ്. പ്രായത്തിനനുസരിച്ച് കയ്യിന്റെ വലിപ്പം മാറും — അതനുസരിച്ചാണ് അളവും വേണം.
ഉദാഹരണത്തിന്, 2 വയസ്സുള്ള ഒരു കുട്ടിക്ക് ആ ചെറുകൈയിൽ കൊള്ളുന്നത്രയാണ് ആവശ്യമായ അളവ്.
c. എപ്പോൾ കഴിക്കണം
വിശക്കുമ്പോൾ മാത്രമാണ് ഭക്ഷണം കഴിക്കേണ്ടത്. ശരീരത്തിന് ആവശ്യമായ സമയത്ത് മാത്രമേ ഭക്ഷണം ശരിയായി ദഹിക്കൂ.
രണ്ട് ഭക്ഷണങ്ങൾക്കിടയിൽ കുറഞ്ഞത് 3 മണിക്കൂർ ഇടവേള വേണം. വിശപ്പില്ലാത്തപ്പോഴും, വായക്ക് രുചിയില്ലാത്തപ്പോഴും, ശക്തമായ തൊണ്ടവേദന ഉള്ളപ്പോഴും ഭക്ഷണം കഴിക്കരുത്.
ദിവസം ഒരു നേരം ഭക്ഷണം കഴിക്കുന്നവൻ യോഗി, രണ്ട് നേരം കഴിക്കുന്നവൻ ഭോഗി, മൂന്ന് നേരം കഴിക്കുന്നവൻ രോഗി, നാല് നേരം കഴിക്കുന്നവൻ ദ്രോഹി!
ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിൽ ഭക്ഷണത്തിന്റെ അളവും സമയവും ക്രമീകരിക്കുക. ഇടയ്ക്കിടെ ഉപവസിക്കുക പ്രാണനു വലിയ ആശ്വാസമാണ്. “ലംഘനം പരമൗഷധം” — എന്നാണ് ചരകന്റെ അഭിപ്രായം.
d. എങ്ങിനെ കഴിക്കണം
ഭക്ഷണം നന്നായി ചവച്ചരച്ചാണ് കഴിക്കേണ്ടത്. ഭക്ഷണത്തിനു 2 മണിക്കൂർ മുമ്പോ അരമണിക്കൂർ ശേഷമോ വെള്ളം കുടിക്കാം. എന്നാൽ ഭക്ഷണത്തോടൊപ്പം കുടിക്കേണ്ടിവന്നാൽ ചെറുതായി മാത്രമേ കുടിക്കാവൂ.
2. Proper Breathing
ചെറിയ കുട്ടികൾ ഉറങ്ങുമ്പോൾ ശ്വാസം അകത്തേക്കെടുക്കുമ്പോൾ വയർ വികസിക്കുന്നതും പുറത്തേക്കുവിടുമ്പോൾ ഒട്ടുന്നതുമാണ്. അതുപോലെയാണ് ശ്വസിക്കേണ്ടത്.
ശ്വാസോച്ഛ്വാസവും മാനസികാവസ്ഥയും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ട്. ദീർഘശ്വാസം എടുക്കുമ്പോൾ മനസ്സ് ശാന്തമാകും.
പണ്ടുകാലത്ത് മനുഷ്യൻ മരങ്ങൾ കയറുകയും, ഓടുകയും, അദ്ധ്വാനിക്കുകയും ചെയ്തിരുന്നു. അതിനാൽ ആഴത്തിലുള്ള ശ്വാസം സ്വാഭാവികമായിരുന്നു. ഇന്ന് അതിന് പകരം യന്ത്രങ്ങൾ നമ്മുടെ സ്ഥാനത്ത് വന്നതോടെ രോഗങ്ങൾ കൂടി.
ആഴത്തിലുള്ള ദീർഘശ്വാസം എടുക്കുമ്പോൾ കൂടുതൽ പ്രാണൻ ശരീരത്തിലും മസ്തിഷ്കത്തിലും എത്തുകയും ഊർജസ്വലത ലഭിക്കുകയും ചെയ്യും.
3. Proper Exercise
പ്രകൃതി മനുഷ്യ ശരീരത്തെ ഓടാനും ചാടാനും അദ്ധ്വാനിക്കാനുമായി രൂപപ്പെടുത്തിയതാണ്. എന്നാൽ ഇന്ന് നാം സജീവമായ ജീവിതം നയിക്കുന്നില്ല.
ഫലമായി ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും രോഗങ്ങൾ വരികയും ചെയ്യുന്നു.
പരിഹാരം — വ്യായാമം. യോഗ, സൂര്യനമസ്കാരം, അല്ലെങ്കിൽ ശാസ്ത്രീയ വ്യായാമ രീതികൾ അഭ്യസിക്കുക. ശരീരവും മനസ്സും സംതുലിതമാകും.
4. Proper Relaxation
ശരിയായ വിശ്രമം ഉറക്കം മാത്രമല്ല. ആന്തരിക അവയവങ്ങൾക്കും വിശ്രമം ആവശ്യമുണ്ട്.
ഉറങ്ങുന്നതിന് 3 മണിക്കൂർ മുമ്പ് ഭക്ഷണം കഴിച്ച് തീർക്കണം. രാത്രി 10 മണിക്ക് മുമ്പ് ഉറങ്ങുക. അർദ്ധരാത്രിയിൽ ഭക്ഷണം കഴിക്കരുത്.
മനസ്സിന് വിശ്രമം നൽകുന്നത് ധ്യാനമാണ്. ആഴത്തിലുള്ള ധ്യാനം നടക്കുമ്പോൾ ശരീരവും മനസ്സും ഒരുപോലെ വിശ്രമിക്കുന്നു.
20 മിനിട്ട് ധ്യാനിക്കുന്നത് 4 മണിക്കൂർ ഉറക്കത്തേക്കാൾ ഗുണകരമാണ്.
5. Proper Thinking
നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ 99% നമുക്ക് അനുകൂലമാണ്. എങ്കിലും നാം വിഷമിക്കുന്നു.
എല്ലാവരും അടിസ്ഥാനപരമായി നല്ലവരാണ്. അതിനാൽ സന്തോഷത്തോടും ബഹുമാനത്തോടും സ്നേഹത്തോടും പെരുമാറുക. ആരെയും കുറ്റപ്പെടുത്താതിരിക്കുക.
ചില ചോദ്യോത്തരങ്ങൾ:
ചോ: ഒരു ചായ നന്നായെന്ന് പറഞ്ഞാൽ ആർക്കാണ് സന്തോഷം?
ഉ: അതുണ്ടാക്കിയ ആൾക്ക്.
ചോ: ഒരു ചിത്രം മോശമാണെന്ന് പറഞ്ഞാൽ ആർക്കാണ് വിഷമം?
ഉ: അത് വരച്ചയാൾക്ക്.
ചോ: അങ്ങനെ എങ്കിൽ സമസ്ത ചരാചരങ്ങളെയും സൃഷ്ടിച്ചത് ആരാണ്?
ഉ: ഈശ്വരൻ.
ചോ: ആ ഈശ്വരൻ എവിടെയാണ്?
ഉ: നമ്മുടെ ഉള്ളിൽ തന്നെ.
ചോ: അപ്പോൾ ഏതെങ്കിലും സൃഷ്ടിയെ മോശമാണെന്ന് പറയുമ്പോൾ ആർക്കാണ് വിഷമം?
ഉ: സൃഷ്ടാവായ ഈശ്വരന്.
ചോ: ആ ഈശ്വരൻ എവിടെയാണ്?
ഉ: നമ്മുടെ ഉള്ളിൽ തന്നെ.
ചോ: അപ്പോൾ ആർക്കാണ് യഥാർത്ഥത്തിൽ വിഷമം?
ഉ: നമുക്ക് തന്നെ.
അതിനാൽ എല്ലാത്തിലും നൻമ കാണുക.
