കൗൺസിലർക്കുവേണ്ട ഗുണങ്ങളും കൗൺസിലിങ്ങിലെ ധാർമ്മികതയും
ധാർമ്മികത ഏറ്റവും കൂടുതൽ ധാർമ്മികത വേണ്ട ഒരു മേഖലയാണ് കൗൺസിലിങ്ങ്. കാരണം ഒരു വ്യക്തി വളരെ വിശ്വാസത്തോടെയാണ് എല്ലാ കാര്യങ്ങളും നമ്മോട് തുറന്നു പറയുന്നത്. അതു രഹസ്യമായി സൂക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. രഹസ്യം സൂക്ഷിക്കാൻ കഴിവില്ലാത്തവർ ഈ മേഖലയിലേക്ക് ഒരിക്കലും കടന്നു വരരുത്. കാരണം ഒരു വ്യക്തിയുടെ ജീവിതമാണ് നാം കൈകാര്യം ചെയ്യുന്നത്. ഏതെങ്കിലും ഒരു പ്രശ്നം പരിഹരിക്കുക എന്നതിലുപരി ക്രിയാത്മകമായ ജീവിതത്തിന് വാതിൽ തുറക്കുകയാണ് കൗൺസിലിങ്ങ്.
വ്യക്തിയുടെ ജന്മസിദ്ധമായ കഴിവുകളും അനന്തമായ സാധ്യതകളും മനസ്സിലാക്കി ജീവിതം ചിട്ടപ്പെടുത്താനും അർത്ഥപൂർണമാക്കാനും കൗൺസിലിംഗ് സഹായിക്കുന്നു. കൗൺസിലിംഗ് വഴി സന്തോഷപ്രദമായി ജീവിക്കാനുള്ള കല അഭ്യസിക്കുന്നു. ഇതിനു സഹായിക്കുന്നത് പക്വ മതിയായ, ധാർമ്മികബോധമുള്ള അറിവുള്ള കൗൺസിലറാണ്.
കൗൺസിലറും കൗൺസലിയും (ക്ലൈന്റ്) തമ്മിലുള്ള ആത്മബന്ധത്തിലൂടെ കൈമാറുന്നത് ജീവിതദർശനമാണ്. തനിക്ക് ഭയം കൂടാതെ ഉള്ളുതുറന്നു പറയാൻ ഒരാളെയാണ് പ്രശ്നവുമായി എത്തുന്നവൻ അന്വേഷിക്കുന്നത്. അതുകൊണ്ടുതന്നെ പ്രശ്നങ്ങളെ പ്രശ്നങ്ങളായും വ്യക്തിയെ തനിക്കൊപ്പമുള്ള ഒരാളായും കൗൺസിലർ പരിഗണിക്കണം.
അർപ്പണബോധമുള്ള കൗൺസിലറുടെ പ്രവർത്തനമണ്ഡലം മനുഷ്യമനസ്സുകളാണ്. മാനസിക പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കലാണ് കൗൺസിലിങ്ങിന്റെ ലക്ഷ്യം. സമൂഹത്തിൽ മറ്റു മനുഷ്യരുമായി ഇടപെടാൻ തക്കവണ്ണം മനുഷ്യനെ പ്രാപ്തമാക്കലാണ് കൗൺസിലിങ്ങിന്റെ വഴി. ഇതിനു വ്യക്തിയുടെ ഉള്ളിൽ മറഞ്ഞുകിടക്കുന്ന സിദ്ധികളെ കണ്ടെത്തി പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്.
മഹത്തായ ഈ പ്രക്രിയയിൽ ഏർപ്പെടുന്ന കൗൺസിലർക്ക് അതിസൂക്ഷ്മമായ സഹാനുഭൂതിയും ജീവിതാനുഭവത്തിൽ നിന്നും ഉരുത്തിരിയുന്ന ആത്മജ്ഞാനവും ആവശ്യമാണ്. സത്യസന്ധത, ആദരവ്, സഹാനുഭൂതി ഇവ കൗൺസിലർക്ക് ഉണ്ടായിരിക്കേണ്ട ചില ഗുണങ്ങളാണ്.
കൗൺസിലിംഗിന്റെ ആദ്യഘട്ടം
കൗൺസിലിംഗിന്റെ ആദ്യഘട്ടത്തിൽ തന്റെ പ്രശ്നങ്ങൾക്കു മറ്റാരെങ്കിലുമാണ് കാരണം എന്ന മനോഭാവം വ്യക്തിയിൽ കാണാറുണ്ട്. അതിനാൽ ഭർത്താവിന്റെയോ, ഭാര്യയുടെയോ, ബന്ധുക്കളുടെയോ പെരുമാറ്റവൈകല്യങ്ങൾ വിവരിക്കുന്നതിലാണ് വ്യക്തികൾ താല്പര്യപ്പെടുക. കൗൺസിലറുടെ സമീപനം സമഭാവനയോടെയുള്ള പ്രത്യുത്തരം, നിഷ്പക്ഷമായ നിലപാട് ഇവ വ്യക്തിയുടെ ചിന്താഗതിയെ സ്വാധീനിക്കുകയും മറഞ്ഞുകിടക്കുന്ന വികാരങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നു.
ഈ പ്രക്രിയയിൽ സൂക്ഷ്മമെങ്കിലും സുപ്രധാനമായ പല മാറ്റങ്ങളും വ്യക്തിയിൽ സംഭവിക്കുന്നു. ആത്മാവബോധം വർധിക്കുന്നു, അഥവാ വ്യാപിക്കുന്നു. അതിന്റെ ഫലമായി സ്വന്തം വികാരങ്ങൾ എന്തെന്ന് വ്യക്തി തിരിച്ചറിയുന്നു. ആത്മാവബോധം ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും ആദ്യപടിയാണ്.
കൗൺസിലർക്കുണ്ടാവേണ്ട പ്രധാന ഗുണങ്ങൾ
- സത്യസന്ധത: വികാരം, ചിന്ത, പെരുമാറ്റം — ഇവ തമ്മിലുള്ള പൊരുത്തമാണ് സത്യസന്ധതയുടെ അടിസ്ഥാനം. കൗൺസിലറുടെ സത്യസന്ധമായ പെരുമാറ്റം കൗൺസിലിയിൽ ആത്മവിശ്വാസവും വിശ്വാസവുമുണ്ടാക്കുന്നു.
- ആദരവ്: മനുഷ്യന്റെ നന്മയിലുള്ള വിശ്വാസവും അവന്റെ മഹത്വത്തിലും കഴിവിലുമുള്ള ബഹുമാനവുമാണ് ആദരവ്. എല്ലാ വ്യക്തികളെയും അവരുടെ ചിന്തകളെയും ആദരിക്കുക എന്നത് കൗൺസിലർക്കുണ്ടാവേണ്ട പ്രധാന ഗുണമാണ്.
- സമഭാവന: മറ്റൊരു വ്യക്തിയുടെ വികാരങ്ങൾ അയാളുടെ കാഴ്ചപ്പാടിലൂടെ മനസ്സിലാക്കാനുള്ള മനോഭാവം. മുൻവിധിയോ നീരസമോ ഇല്ലാതെ മറ്റുള്ളവരെ മനസ്സിലാക്കുന്നതാണ് യഥാർത്ഥ സമഭാവന.
- ദയ / കരുണ: കൗൺസിലർക്ക് ക്ലൈന്റിനോടു കരുണയുണ്ടാകണം. ക്ലൈന്റിന്റെ വികാരമുറിവുകൾ മനസ്സിലാക്കി കരുണാപൂർവ്വമായ സമീപനം കാണിക്കുക അത്യാവശ്യം.
(കടപ്പാട്: സിസ്റ്റർ ആനിമരിയയുടെ “കൗൺസിലിങ്ങ് കലയും ശാസ്ത്രവും”)
